---
title: "republic#- റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ കേരളത്തിന്റെ പ്രതിനിധിയായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു ബാലൻ"
english_title: "Adivasi boy represented Kerala in Republic Day celebrations"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/177326/Adivasi boy represented Kerala in Republic Day celebrations"
published_at: "2024-01-17T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a756136bd39_Picsart_24-01-17_09-52-08-066.jpg"
keywords: []
---

# republic#- റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ കേരളത്തിന്റെ പ്രതിനിധിയായി ആദിവാസി വിഭാഗത്തിൽ നിന്ന് ഒരു ബാലൻ

> **Lead Summary:** കൊട്ടാരക്കര.... രാജ്യത്തിന്റെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ കേരളത്തിന്റെ പ്രതിനിധിയായി ആദിവാസി ബാലൻ പി.പ്രണവ് പങ്കെടുക്കും. 26ന് ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് പ്രണവിനെ ക്ഷണിച്ചിട്ടുള്ളത്.

## Article Content

കൊട്ടാരക്കര.... രാജ്യത്തിന്റെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ കേരളത്തിന്റെ പ്രതിനിധിയായി ആദിവാസി ബാലൻ പി.പ്രണവ് പങ്കെടുക്കും. 26ന് ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു പങ്കെടുക്കുന്ന ചടങ്ങിലേക്കാണ് പ്രണവിനെ ക്ഷണിച്ചിട്ടുള്ളത്.

കൊട്ടാരക്കര പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയായ പ്രണവ് പരിമിതി സാഹചര്യങ്ങളിൽ നിന്നുള്ള പഠന മികവിലൂടെയാണ് അപൂർവ നേട്ടത്തിന് അർഹത നേടിയത്. ജില്ലയുടെ കിഴക്കൻ വനമേഖലയായ കുളത്തൂപ്പുഴ തിങ്കൾക്കരിക്കം ചെറുകരക്കാണി പ്രണവ് നിവാസിൽ പ്രദീപ് കുമാർ-ലാലി ദമ്പതികളുടെ മകനാണ് പ്രണവ്. കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. പ്രണവും അനുജൻ പ്രപഞ്ചും ഇല്ലായ്മകളുടെ നടുവിലാണ് ബാല്യകൗമാരങ്ങൾ കഴിച്ചുകൂട്ടിയത്. ഹൈസ്കൂൾ പഠനത്തിനായി പുത്തൂർ പാങ്ങോട് സ്കൂളിൽ ചേർക്കുകയും പഴയചിറയിലെ എസ്.സി, എസ്.ടി ഹോസ്റ്റലിൽ താമസിച്ച് പഠിച്ചുവരികയുമാണ്. മാതാപിതാക്കളിൽ നിന്നും വാത്സല്യവും കരുതലം ലഭിക്കേണ്ട പ്രായത്തിൽ ഹോസ്റ്റൽ മുറിയിൽ ഒതുങ്ങിക്കൂടുമ്പോഴും പ്രണവ് പഠനത്തിൽ പ്രത്യേക ശ്രദ്ധചെലുത്തി. എസ്.ടി വിഭാഗം സ്കോളർഷിപ്പിൽ കൂടുതൽ മാർക്ക് നേടിയ കുട്ടിയെന്ന നിലയിലും പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുമാണ് പ്രണവിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ജില്ലാ ഭരണകൂടമടക്കം പ്രത്യേക പരിശോധനകൾ നടത്തിയശേഷം പ്രണവിനെ തിരഞ്ഞെടുക്കുകയായിരുന്നു. 22ന് ജില്ലാ കളക്ടറുടെ ചേംബറിൽ പ്രണവിനെ എത്തിക്കും. തുടർന്ന് സർക്കാർ പ്രതിനിധിയായിട്ടാണ് ഡൽഹിയിലേക്കുള്ള യാത്രയും അനുബന്ധ പരിപാടികളും.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/177326/Adivasi boy represented Kerala in Republic Day celebrations)